കുറ്റിപ്പുറം: ലഹരി നിർമാർജനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഓപറേഷൻ തൂഫാന്റെ ഭാഗമായി ലഹരിസംഘങ്ങൾക്കായി വലവിരിച്ച് പോലീസ്.
പരിശോധനയെത്തുടർന്ന് കുറ്റിപ്പുറം മറവഞ്ചേരിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയ രണ്ടു പേരെ കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. മറവഞ്ചേരി അംബേദ്കർ കോളനിയിൽ താമസിച്ചിരുന്ന പാലക്കപ്പറന്പിൽ ശരവണൻ (35), കാലടി ചാലപ്പുറം കോളനിയിലെ അമയത്ത് ശ്രീനിവാസൻ (32)എന്നിവരെയാണ് കുറ്റിപ്പുറം സിഐ മണികണ്ഠന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീം പിടികൂടിയത്.
ഇവരിൽനിന്ന് 220 ഗ്രാം കഞ്ചാവും കഞ്ചാവ് പാക്ക് ചെയ്ത് വിപണനം നടത്തുന്നതിനുള്ള സാമഗ്രികളും പിടികൂടി. കൂടാതെ മടക്കി സൂക്ഷിക്കുന്ന കത്തിയും പെപ്പർ സ്പ്രേയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാർഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് വില്പന നടത്തുന്നവരാണ് പിടിയിലായവർ.
കഞ്ചാവ് വാങ്ങി ഉപയോഗിച്ച വിദ്യാർഥികളെ ചോദ്യം ചെയ്തതോടെയാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. മറവഞ്ചേരി അങ്ങാടി മുതൽ ഗവണ്മെന്റ് കോളജ് വരെയുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തന്പടിച്ച് ലഹരി വില്ക്കുന്ന സംഘത്തെ തേടി ദൂരെ സ്ഥലങ്ങളിൽനിന്നു വരെ ആളുകൾ എത്തിയിരുന്നെന്നും പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു.
കുറ്റിപ്പുറം സിഐ മണികണ്ഠൻ, തിരൂർ ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ രാജേഷ്, സിപിഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പാണ്ടിക്കാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരി വേട്ടയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെല്ലിക്കുത്ത് മുക്കം സ്വദേശികളായ നന്പിയത്ത് ജാബിർ (31), പാലിയംക്കുന്നത്ത് മുഹമ്മദ് റിയാസ് (31) എന്നിവരെയാണ് പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുടിക്കോട് പാലം പരിസരത്ത് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി ഇവർ പിടിയിലാവുകയായിരുന്നു. ഇവർക്ക് രാസലഹരി എത്തിച്ച് നൽകുന്ന സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
പാണ്ടിക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി. പ്രകാശൻ, എഎസ്ഐ അനൂപ് കുമാർ, എസ്സിപിഒമാരായ ഹാരിസ് ആലുംതറയിൽ, അജയൻ, സിപിഒ സജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.